വിസിമാരുടെ രാജി ആവശ്യം; യുഡിഎഫിലും കോണ്‍ഗ്രസിലും ഭിന്നത

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ തീരുമാനത്തെച്ചൊല്ലി യുഡിഎഫിലും കോണ്‍ഗ്രസിലും ഭിന്നത. ഗവർണറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വാഗതം ചെയ്തപ്പോൾ സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിഷേധിച്ചു. മുസ്ലിം ലീഗും ഗവർണറെ വിമർശിച്ചു.

ഗവർണർക്കെതിരെ ഒറ്റക്കെട്ടായി പ്രക്ഷോഭം നടത്തുമെന്ന് എൽ.ഡി.എഫ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യു.ഡി.എഫിൽ ഭിന്നത ഉടലെടുത്തത്. അതേസമയം, വി.സിമാരുടെ നിയമനത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന നിലപാടാണ് യു.ഡി.എഫിലെ എല്ലാ നേതാക്കൾക്കുമുള്ളത്. എന്നാൽ, ഗവർണറുടെ രാജി ആവശ്യത്തിലാണ് വ്യത്യസ്ത അഭിപ്രായമുള്ളത്.

ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് ബി.ജെ.പിയുടെ പദ്ധതികളെ പിന്തുണയ്ക്കുന്നുവെന്ന് വിമർശിച്ച മുഖ്യമന്ത്രി ലീഗിന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തു.