നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുതുടങ്ങി

ആലപ്പുഴ: നിയമം ലംഘിച്ച് നിർമ്മിച്ച വേമ്പനാട്ടുകായലിലെ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി. പുറമ്പോക്ക് ഭൂമിയെന്ന് കണ്ടെത്തിയ റിസോർട്ടിന്‍റെ തെക്ക് ഭാഗത്തുള്ള രണ്ട് വില്ലകളാണ് ആദ്യം പൊളിക്കുക. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് റിസോർട്ട് നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റിസോർട്ട് പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.

റിസോർട്ട് ഓപ്പറേറ്റർമാരുടെ ചെലവിലാണ് പൊളിക്കൽ നടത്തുന്നത്. പരിസ്ഥിതിക്കും മത്സ്യബന്ധനത്തിനും ഹാനികരമാകാത്ത തരത്തിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്ന് മാനേജ്മെന്റ് ജില്ലാ ഭരണകൂടത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. കളക്ടർ വി.ആർ.കൃഷ്ണ തേജ, നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂരജ് ഷാജി, പാണാവള്ളി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവരാണ് സംഘത്തെ നയിക്കുന്നത്.

ആറുമാസത്തിനകം ഘട്ടം ഘട്ടമായി പൊളിക്കൽ പൂർത്തിയാക്കാനാണ് തീരുമാനം. റിസോർട്ട് നിർമ്മാണത്തിനായി കൈയേറിയതായി കണ്ടെത്തിയ 2.9397 ഹെക്ടർ ഭൂമി കളക്ടർ ഇന്നലെ സർക്കാരിന് കൈമാറിയിരുന്നു. പട്ടയം നൽകിയ ഭൂമി റിസോർട്ട് ഉടമകൾക്കുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആകെ വിസ്തീർണ്ണം 7.0212 ഹെക്ടറാണ്.