‘ഏറ്റവും വിഡ്ഢിത്തം നോട്ട് നിരോധനവും ജിഎസ്ടിയും; യഥാർത്ഥത്യത്തെ മറച്ച് വെക്കാനാകില്ല’
തിരുവനന്തപുരം: സാമ്പത്തിക വളർച്ചയുടെ ഫലമായി മറ്റു രാജ്യങ്ങളിലെല്ലാം ജനക്ഷേമത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചം ഇന്ത്യയിലെ സാധാരണക്കാർക്കു ലഭിക്കുന്നില്ലെന്ന് തോമസ് ഐസക്. മോദി ഭരണത്തിനു കീഴിൽ വളർച്ച ഇടിയുക മാത്രമല്ല ക്ഷേമനേട്ടങ്ങളും പിന്നോട്ടടിച്ചുവെന്ന യാഥാർത്ഥ്യത്തെ അഞ്ചാം ലോകമഹാശക്തിയായി ഇന്ത്യ വളർന്നുവെന്ന് പെരുമ്പറ കൊട്ടി മറച്ചുവയ്ക്കാനാവില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഐസക് പറഞ്ഞു.
പോസ്റ്റിന്‍റെ പൂർണ്ണരൂപം വായിക്കാം: ജിഡിപിയുടെ മൊത്തം തുകയെടുത്താൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് അഞ്ചാമത്തേതാണ്. എന്നാൽ ആളോഹരി വരുമാനം എടുത്താൽ ഇന്ത്യയുടെ സ്ഥാനം 142-ാമതാണ്. ഈ വിരോധാഭാസത്തിനു നൽകിയ വിശദീകരണം പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യയുടെ അഞ്ചാംസ്ഥാനം പോലെതന്നെ യാഥാർത്ഥ്യമാണ് 142-ാം സ്ഥാനവും. മേൽപ്പറഞ്ഞതു ശരിയാണെങ്കിലും മറ്റു രാജ്യങ്ങളേക്കാൾ വേഗതയിൽ ഇന്ത്യയിൽ സാമ്പത്തിക വളർച്ച ഇപ്പോൾ ഉണ്ടാകുന്നില്ലേയെന്ന ചോദ്യം ന്യായമാണ്. ഇതു പരിഗണിച്ച് ഇന്ത്യ പോലെ ചൈന, ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയെ എമർജിംഗ് എക്കണോമീസ് എന്നാണു വിശേഷിപ്പിക്കുക. ഈ വേഗതയിൽ വളർന്നുകൊണ്ടിരുന്നാൽ ഈ രാജ്യങ്ങൾ സാമ്പത്തിക മേധാശക്തികളായി ഭാവിയിൽ വളരും.