നോട്ട് നിരോധനത്തിന് കാരണം 1000, 500 രൂപ നോട്ടുകളുടെ വ്യാപനമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 1000, 500 രൂപ നോട്ടുകളുടെ വലിയ തോതിലുള്ള വ്യാപനമാണ് നോട്ട് നിരോധനത്തിന് കാരണമായതെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾക്ക് മറുപടിയായാണ് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ മാസം 24ന് കേസ് പരിഗണിക്കും.

“കള്ളനോട്ട്, കള്ളപ്പണം, ഭീകരര്‍ക്ക് സഹായധനം, നികുതിവെട്ടിപ്പ് തുടങ്ങിയവ തടയാന്‍ ലക്ഷ്യമിട്ടുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു നടപടി. റിസര്‍വ് ബാങ്കുമായി വിപുലമായ കൂടിയാലോചനകള്‍ നടത്തിയും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തിയുമാണ് പദ്ധതി നടപ്പാക്കിയത്.” സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. റിസർവ് ബാങ്കിന്‍റെ പ്രത്യേക ശുപാർശ പ്രകാരമാണ് നോട്ട് നിരോധനം നടപ്പാക്കിയത്. പദ്ധതി നടപ്പാക്കുന്നതിനുള്ള കരട് പ്ലാനും റിസർവ് ബാങ്ക് സമർപ്പിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് നൽകുന്ന അധികാരങ്ങൾ ഉപയോഗിച്ചാണ് സർക്കാർ ഈ സാമ്പത്തിക നയ തീരുമാനം എടുത്തതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

2011ലെ സെൻസസ് പ്രകാരം 48 കോടി തൊഴിലാളികൾ ഇന്ത്യയിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 40 കോടിയും അസംഘടിത മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഔദ്യോഗിക മേഖലയിലും അനൗദ്യോഗിക മേഖലയിലുമുള്ള തൊഴില്‍ രംഗത്തെ ഈ വിടവ് നികത്താനും നോട്ട് നിരോധനം ലക്ഷ്യമിട്ടതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യുക എന്നതും നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യമായിരുന്നെന്ന് കേന്ദ്രം പറഞ്ഞു.