രണ്ടാമത്തെ കക്ഷിയായിട്ടും മുഖ്യമന്ത്രിയാക്കി ; നിതീഷ് കുമാര്‍ ചതിച്ചെന്ന് ബിജെപി

പട്‌ന: എൻഡിഎ വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേർന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. നിതീഷ് കുമാർ ബിഹാറിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബി.ജെ.പി ആരോപിച്ചു. നിതീഷ് കുമാർ ഇപ്പോൾ കാണിച്ച വഞ്ചന ജനങ്ങൾ പൊറുക്കില്ലെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.

2020 ലെ പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾ എൻഡിഎ സഖ്യത്തെ തിരഞ്ഞെടുത്തു. രണ്ടാമത്തെ കക്ഷിയായിരുന്നിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കി. എന്നിട്ടും സഖ്യം അവസാനിപ്പിക്കാനുള്ള നിതീഷിന്‍റെ തീരുമാനം ജനത്തോടും ബിജെപിയോടുമുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയും ബിഹാർ ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗും നിതീഷിനെതിരെ രംഗത്തെത്തി. നിതീഷ് കുമാറാണ് സഖ്യസർക്കാരിൽ വിള്ളലുണ്ടാക്കിയതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ബിജെപിക്ക് 63 എം.എൽ.എമാരുള്ളപ്പോൾ 36 എം.എൽ.എമാരുള്ള നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. സുശീൽ കുമാർ മോദിയും മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ പട്നയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.