ദേവസ്വം ബോര്‍ഡിന്റെ പേരില്‍ നിയമന തട്ടിപ്പ്: ഇരയായത് 39 പേർ
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പേരില്‍ നിയമന തട്ടിപ്പിനിരയായ 39 പേർക്ക് നഷ്ടമായത് 2.5 കോടി രൂപയിലേറെ. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന മാവേലിക്കര സ്വദേശികളായ സംഘമാണ് തട്ടിപ്പ് നടത്തിയത്. കോവിഡിന്റെ മറവിലായിരുന്നു തട്ടിപ്പ്.
ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശിനിയായ യുവതിക്ക് വൈക്കം ക്ഷേത്രകലാപീഠത്തിൽ പ്യൂണായി ജോലി നൽകാമെന്ന് പറഞ്ഞ് 3,14,000 രൂപ തട്ടിയെടുത്തതാണ് ആദ്യ സംഭവം. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ ലെറ്റർപാഡിൽ ചെയർമാന്‍റെ ഒപ്പ് സഹിതമാണ് വ്യാജ നിയമന ഉത്തരവ് നല്‍കിയത്. യുവതി ഓർഡറുമായി ജോലിക്ക് പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 39 പേർ തട്ടിപ്പിന് ഇരയായതായി കണ്ടെത്തി.
39 പേരിൽ നിന്നായി 2.45 കോടി രൂപ തട്ടിയെടുത്തിട്ടുണ്ട്. ക്ലാർക്ക്, പ്യൂൺ, സെക്യൂരിറ്റി തുടങ്ങിയ ജോലികളുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. മാവേലിക്കര സ്വദേശി വിനീഷാണ് മുഖ്യപ്രതി. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥന്‍ൻ എന്ന പേരിലാണ് വിനീഷ് ഉദ്യോഗാർത്ഥികളെ സമീപിച്ചത്. വിനീഷിനെ കൂടാതെ ദേവസ്വം ബോർഡിന്‍റെ പമ്പ പെട്രോൾ പമ്പിലെ താൽക്കാലിക ജീവനക്കാരനായിരുന്ന രാജേഷ് ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി.