കണ്ണടച്ച സിസിടിവികളുടെ ഓഡിറ്റിങ്ങിന് ഡിജിപിയുടെ നിര്‍ദേശം
തിരുവനന്തപുരം: സി.സി.ടി.വിയുടെ പരിധിയിൽ എല്ലാ ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളും തെരുവുകളും പൂർണ്ണമായും ലഭ്യമാക്കുന്നതിനുള്ള നടപടികൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിപ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ഇതിനായി എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ഓഡിറ്റ് നടത്താനാണ് പൊലീസിന്‍റെ തീരുമാനം. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി അനിൽകാന്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തെ മ്യൂസിയം പരിസരത്ത് പ്രഭാതസവാരിക്കെത്തിയ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. പൊലീസിന്‍റെ നിയന്ത്രണത്തിലുള്ള 235 ക്യാമറകളിൽ 145 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, കൺട്രോൾ റൂം, അതത് സ്റ്റേഷൻ അധികൃതർ എന്നിവർ പൊലീസിന്‍റെ നിയന്ത്രണത്തിലുള്ള സിസിടിവി ക്യാമറകളുടെ എണ്ണം, ഇനം, അത് സ്ഥാപിച്ച സ്ഥലം, പോലീസ് സ്റ്റേഷൻ, അവ പ്രവർത്തനക്ഷമമല്ലെങ്കിൽ അതിനുള്ള കാരണം എന്നിവ ശേഖരിക്കും. കൺട്രോൾ റൂമിലും സ്റ്റേഷനുകളിലും ഫീഡ് ലഭ്യമായ ക്യാമറകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സർക്കാർ സ്ഥാപനങ്ങളും സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ വിശദാംശങ്ങൾ ശേഖരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, പൊതുസ്ഥലങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ വിശദാംശങ്ങൾ ശേഖരിച്ച് അതത് സ്റ്റേഷനുകളിൽ സൂക്ഷിക്കും. പോലീസ് ക്യാമറകളിലെ പ്രവർത്തനക്ഷമമല്ലാത്തവ ഉടൻ നന്നാക്കും.