പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ നിര്‍ദ്ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ, റേഞ്ച് ഡി.ഐ.ജിമാർ, സോൺ ഐ.ജിമാർ എന്നിവരുടെ ഓൺലൈൻ യോഗത്തിലാണ് അദ്ദേഹം നിർദേശങ്ങൾ നൽകിയത്.

വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നടക്കുന്ന സംഭവങ്ങളുടെ കൃത്യവും സമഗ്രവുമായ വിവരങ്ങൾ എത്രയും വേഗം ജില്ലാ പൊലീസ് മേധാവിമാർക്ക് ലഭ്യമാക്കുന്നതിന് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് വകുപ്പ് ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു. സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർ പൊലീസ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തണം. കേസുകൾ, കുറ്റകൃത്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യക്തികളെ പൊലീസ് സ്റ്റേഷനുകളിൽ എത്തിക്കുമ്പോൾ, നിയമപ്രകാരം നടപടികൾ പൂർത്തിയാക്കണം. വൈദ്യപരിശോധന ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമായിരിക്കും. അത്തരം സന്ദർഭങ്ങളിൽ കേരള പൊലീസ് ആക്ടിൽ നിഷ്കർഷിച്ചിട്ടുള്ള എല്ലാ നടപടിക്രമങ്ങളും പാലിക്കണം. 

നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിലൊഴികെ ഒരു കാരണവശാലും ബലപ്രയോഗം പാടുള്ളതല്ല. ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ ഭാഗമായി ബലപ്രയോഗം ആവശ്യമാണെങ്കിൽ അത് നിയമപ്രകാരമുള്ളതാകണമെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. എല്ലാ പൊലീസ് സ്റ്റേഷനുകളും കൃത്യമായ ഇടവേളകളിൽ സന്ദർശിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.