ഐഎംഡിബിയുടെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരമായി ധനുഷ്

ഇന്‍റർനെറ്റ് മൂവി ഡാറ്റാബേസ്(ഐഎംഡിബി) ഈ വർഷത്തെ ഏറ്റവും ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടിക പുറത്തിറക്കി. 2022 ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരമായി ധനുഷിനെ ഐഎംഡിബി തിരഞ്ഞെടുത്തു. 2022 ൽ റുസ്സോ ബ്രദേഴ്സിന്‍റെ ഹോളിവുഡ് ചിത്രമായ ദി ഗ്രേ മാൻ എന്ന ചിത്രത്തിലടക്കം ധനുഷ് അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടി ആലിയ ഭട്ടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

‘ദി ഗ്രേ മാൻ’ കൂടാതെ ധനുഷിന്‍റെ ‘മാരൻ’, ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവെൻ’ എന്നീ ചിത്രങ്ങളും 2022 ൽ പുറത്തിറങ്ങിയിരുന്നു.  ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിൽ അഭിനയിച്ച ഐശ്വര്യ റായ് ഐഎംഡിബിയുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.  രാം ചരണാണ് പട്ടികയിൽ നാലാമത്. എസ് എസ് രാജമൗലിയുടെ ‘ആർആർആർ’ എന്ന ചിത്രത്തിലൂടെ രാം ചരൺ ജനപ്രീതി നേടി.

ധനുഷിന്‍റെ വരാനിരിക്കുന്ന ചിത്രം ‘വാത്തി’യാണ്. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. മലയാള നടി സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.