ധ്രുവ സര്‍ജ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം പ്രഖ്യാപിച്ചു

കെ.ജി.എഫ് ഫ്രാഞ്ചൈസിയുടെ വരവ് വരെ കർണാടകയ്ക്ക് പുറത്തുള്ള ശരാശരി സിനിമാപ്രേമികൾക്ക് സാന്‍ഡല്‍വുഡ് ഏതാണ്ട് അന്യമായിരുന്നു. എന്നിരുന്നാലും, യഷ് നായകനായി അഭിനയിച്ച പ്രശാന്ത് നീലിന്‍റെ പീരിയഡ് ആക്ഷൻ ചിത്രം കന്നഡ സിനിമയെക്കുറിച്ചുള്ള ധാരണ മാറ്റിയെഴുതി.

കെജിഎഫിന് പുറമെ ചാർലി 777, വിക്രാന്ത് റോണ, കാന്താര എന്നിവയാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രങ്ങൾ. ഇപ്പോൾ മറ്റൊരു സിനിമ കൂടി ആ ഗണത്തിൽ പെടുകയാണ്. പ്രേം സംവിധാനം ചെയ്യുന്ന ധ്രുവ സർജ നായകനാകുന്ന ‘കെഡി ദി ഡെവിൾ’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ടീസർ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കൊപ്പം ബോളിവുഡ് താരം സഞ്ജയ് ദത്തും ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.

കന്നഡ സിനിമയിലെ പ്രമുഖ ബാനറായ കെവിഎൻ പ്രൊഡക്ഷൻസിന്‍റെ നാലാമത്തെ പ്രോജക്റ്റാണ് കെഡി. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത ടൈറ്റിൽ ടീസറിന് അതാത് ഭാഷകളിലെ സൂപ്പർ താരങ്ങളാണ് ശബ്ദം നൽകിയിരിക്കുന്നത്. ഹിന്ദിയിൽ സഞ്ജയ് ദത്തും തമിഴിൽ വിജയ് സേതുപതിയും ശബ്ദം നൽകിയ ടീസറിന്‍റെ മലയാളം പതിപ്പ് മോഹൻലാലിന്‍റെ ശബ്ദത്തിൽ അവതരിപ്പിക്കും. ആശീർവാദ് സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ലോകത്ത് നൻമയുള്ളതുപോലെ തിൻമയും ഉണ്ടെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന് സംവിധായകൻ പ്രേം പറഞ്ഞു. അതേസമയം, ഇത് രക്തച്ചൊരിച്ചിലിൽ മാത്രം ഒതുങ്ങുന്ന സിനിമയല്ലെന്നും പ്രണയത്തിന്‍റേതായ ട്രാക്കും ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.എഫിൽ നിന്നും പുഷ്പയിൽ നിന്നും കെഡി തികച്ചും വ്യത്യസ്തമായിരിക്കുമെന്നും പ്രേം കൂട്ടിച്ചേർത്തു.