നീറ്റ് പരീക്ഷയിൽ യോഗ്യത ലഭിച്ചില്ല; രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ യോഗ്യത നേടാൻ കഴിയാത്തതിൽ മനംനൊന്ത് രാജ്യത്ത് രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു. നോയിഡ സ്വദേശിനിയും ചെന്നൈ സ്വദേശിനിയുമാണ് മരിച്ചത്. നീറ്റ് യുജി ഫലം ബുധനാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഇതേതുടർന്നാണ് പരീക്ഷയിൽ യോഗ്യത നേടാൻ കഴിയാതിരുന്ന വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തത്.

നോയിഡ സ്വദേശിനിയായ 22 കാരി സമ്പദ സൊസൈറ്റി കെട്ടിടത്തിന്‍റെ 19-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചെന്നൈയിലെ ഒരു സർക്കാർ സ്കൂളിലെ പ്രധാനാധ്യാപിക അമുദയുടെ മകൾ ലക്ഷ്മണ ശ്വേത ഷാൾ കഴുത്തിൽ കെട്ടി തൂങ്ങിമരിക്കുകയായിരുന്നു. ഫിലിപ്പീൻസിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന ശ്വേത ഇത്തവണ നീറ്റ് പാസാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു.

9.93 ലക്ഷം പേരാണ് ഈ വർഷം മെഡിക്കൽ പ്രവേശനത്തിന് യോഗ്യത നേടിയത്. രാജസ്ഥാനിൽ നിന്നുള്ള തനിഷ്കയാണ് ഒന്നാം റാങ്ക് നേടിയത്. ആദ്യ 20 റാങ്കിൽ കേരളത്തിൽ നിന്ന് ആരും ഇല്ല. യോഗ്യത നേടിയവരിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്.