രാജ്യത്ത് ഡിജിറ്റൽ അസമത്വം കൂടുന്നു; മൊബൈൽ ഉള്ള സ്ത്രീകൾ പുരുഷന്മാരെക്കാൾ വളരെ കുറവ്

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിൽ അസമത്വം വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട്. ഓക്സ്ഫാം ഇന്ത്യയുടെ ‘ഇന്ത്യ ഇൻഇക്വാലിറ്റി റിപ്പോർട്ട് 2022: ഡിജിറ്റൽ ഡിവൈഡ്’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഫോൺ സ്വന്തമായുള്ള പുരുഷൻമാരുടെ ശതമാനം ഫോൺ സ്വന്തമായുള്ള സ്ത്രീകളെക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ 61 ശതമാനം മൊബൈൽ ഫോണുകളും പുരുഷൻമാരുടെ ഉടമസ്ഥതയിലുള്ളതാണ്. അതേസമയം, 31 ശതമാനം ഫോണുകൾ മാത്രമാണ് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളത്. ജാതി, മതം, ലിംഗം, വർഗം, ഭൂമിശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങൾ ഡിജിറ്റൽ ഇടത്തിലും ഭയാനകമായി പകർത്തപ്പെടുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.

പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രധാനമായും പുരുഷൻമാർ, നഗരങ്ങളിലുള്ളവർ, ഉയർന്ന ജാതിക്കാർ, ഉയർന്ന ജാതിയിലുള്ള കുടുംബങ്ങൾ എന്നിവർക്കാണ് ലഭ്യമാകുന്നത്. ജനറൽ വിഭാഗത്തിലെ എട്ട് ശതമാനം ആളുകൾക്ക് കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഉണ്ട്. മറുവശത്ത്, എസ് സിയിൽ 2 ശതമാനം പേർക്കും എസ്ടി വിഭാഗത്തിൽ 1 ശതമാനം പേർക്കും മാത്രമാണ് ലാപ്ടോപ്പോ കമ്പ്യൂട്ടറോ ഉള്ളത്.