സംവിധായകൻ അശോകൻ അന്തരിച്ചു
കൊച്ചി: ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ (60) അന്തരിച്ചു. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു ഐടി സംരംഭകൻ കൂടിയായ അദ്ദേഹം ചലച്ചിത്രരംഗത്ത് അശോകൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. സിംഗപ്പൂരിൽ നിന്നെത്തിയ ഇയാൾ ഇവിടെ ചികിത്സയിലായിരുന്നു. വർക്കല സ്വദേശിയാണ്.
അശോകന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ വർണം, ആചാര്യൻ എന്നിവയാണ്. അശോകൻ–താഹ കൂട്ടുകെട്ടിൽ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളും പുറത്തിറങ്ങി. ശശികുമാറിനൊപ്പം നൂറിലധികം സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.
വിവാഹത്തിനുശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തനകേന്ദ്രം മാറ്റിയ അശോകൻ, അവിടെ സ്ഥിരതാമസമാക്കി ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതിനിടെ, കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.