ഓര്‍ഡിനന്‍സ് പുതുക്കലില്‍ ചര്‍ച്ച; ഇന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ഓർഡിനൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ തർക്കം തുടരുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം. 11 ഓർഡിനൻസുകൾ അസാധുവായ സാഹചര്യം മന്ത്രിസഭാ യോഗം അവലോകനം ചെയ്യും. മുഖ്യമന്ത്രി ഗവർണറെ കണ്ടതിന് ശേഷം മാത്രമേ നിയമസഭ വിളിച്ചുചേർക്കുന്നത് ഉൾപ്പെടെയുള്ള ചർച്ചകളുമായി സർക്കാർ മുന്നോട്ട് പോകുകയുള്ളു. വാട്ടർ അതോറിട്ടിയിലെ ശമ്പള പരിഷ്കരണവും ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും.

ലോകായുക്ത ഓർഡിനൻസ് ഉൾപ്പെടെ 11 സുപ്രധാന ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായ സാഹചര്യത്തിലാണ് സർക്കാർ അനുനയ നീക്കം ശക്തമാക്കുന്നത്. ഓർഡിനൻസുകളിൽ ചീഫ് സെക്രട്ടറി ഗവർണർക്ക് വിശദീകരണം നൽകിയിരുന്നു. നിയമനിർമ്മാണത്തിനായി ഒക്ടോബറിൽ നിയമസഭ ചേരും. ഗവർണറെ നേരിൽ കണ്ട് ഓർഡിനൻസുകളിൽ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചിരുന്നു.

ലോകായുക്ത നിയമഭേദഗതിയ്ക്ക് അംഗീകാരം ലഭിക്കേണ്ടത് സർക്കാരിന് പ്രധാനമാണ്. ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ പഴയ ലോകായുക്ത നിയമം പ്രാബല്യത്തിൽ വരും.