നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം പരിശോധിക്കും: എം വി ഗോവിന്ദൻ
തിരുവനന്തപുരം: പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനവിരുദ്ധമായതൊന്നും പാർട്ടി അംഗീകരിക്കില്ലെന്നും എല്ലാ ദൗർബല്യങ്ങളും പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
“തിരുത്തൽ പ്രക്രിയ പാർട്ടി ജീവിതത്തിലുടനീളം തുടരണം. ജനവിരുദ്ധവും തെറ്റായതുമായ പ്രവണതകൾ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ല. പാർട്ടിയെ സംബന്ധിച്ചിടത്തോളം വെള്ളം കടക്കാത്ത കംപാർട്ട്മെന്റ് ആയിട്ടുള്ള സിസ്റ്റം അല്ല” അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിനെ അലോസരപ്പെടുത്തുന്ന സാമ്പത്തിക നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താൻ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും നിരവധി ശ്രമങ്ങൾ നടന്നിരുന്നു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് തുടർച്ചയായി അഞ്ച് വർഷമെങ്കിലും നഷ്ടപരിഹാരത്തുക നൽകണമെന്ന കേരളത്തിന്‍റെയും ബി.ജെ.പി ഇതര സംസ്ഥാനങ്ങളുടെയും ആവശ്യം കേന്ദ്രം ചെവിക്കൊള്ളുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.