കൊവിഡ് കരുതൽ ഡോസ് വിതരണം കൂട്ടണം; സംസ്ഥാനങ്ങൾക്ക് നിർദേശം
ഡൽഹി: കൊവിഡ് കരുതൽ ഡോസുകളുടെ വിതരണത്തിന്‍റെ വേഗത വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും കരുതൽ ഡോസ് കൂടുതൽ പേർക്ക് എത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ലഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്സേന ആശങ്ക പ്രകടിപ്പിച്ചു.
തുടർച്ചയായി 12 ദിവസം ഡൽഹിയിൽ 2,000 ലധികം കോവിഡ് കേസുകളും ഉയർന്ന പോസിറ്റിവിറ്റി നിരക്കും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് വിനയ് കുമാർ സക്സേന ആവശ്യപ്പെട്ടു. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.