ഓണക്കിറ്റ് വിതരണം അവസാനിച്ചു; ഇനിയും കിട്ടാത്തത് ആറ് ശതമാനം കാർഡുടമകൾക്ക്
കാസര്‍കോട്: സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ബുധനാഴ്ച അവസാനിപ്പിച്ചപ്പോള്‍ സംസ്ഥാനത്ത് ഓരോ റേഷന്‍കടയിലും ആറുശതമാനം കാര്‍ഡുടമകള്‍ക്ക് കിറ്റ് കിട്ടിയിട്ടില്ല. സ്വന്തം റേഷന്‍കടകളില്‍ നിന്ന് തന്നെ കിറ്റ് വാങ്ങണമെന്ന അനൗദ്യോഗിക നിര്‍ദേശമുള്‍പ്പെടെ കടുത്ത നിബന്ധനയോടെയാണ് ഓഗസ്റ്റ് 23 മുതല്‍ കിറ്റ് വിതരണം തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ വണ്‍ ഇന്ത്യാ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം രാജ്യത്ത് ഏത് റേഷന്‍കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങാമെന്നിരിക്കെയാണ് ഇത്തരത്തിലൊരു നിയന്ത്രണമുണ്ടായത്.
എന്നാൽ ഇതിൽ 94 ശതമാനം മാത്രമാണ് കടകളിൽ എത്തിച്ചതെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. അതും കൃത്യസമയത്തല്ല. ഇത് വിതരണത്തെ തടസ്സപ്പെടുത്തി. ഇതിനിടയിൽ സഞ്ചിക്കും ഉപ്പിനും അടക്കം ക്ഷാമം നേരിട്ടു. 91 ശതമാനം കിറ്റുകൾ വിതരണം ചെയ്യുകയും 85 ലക്ഷം കാർഡുടമകൾക്ക് കിറ്റ് ലഭിക്കുകയും ചെയ്തുവെന്ന് മന്ത്രി ജി.ആര്‍. അനില്‍ ബുധനാഴ്ച അറിയിച്ചു. ബുധനാഴ്ച രാത്രി എട്ട് മണി വരെ കടകൾ തുറന്ന് കിറ്റ് ലഭിക്കാത്തവരുടെ പേര്, ഫോണ്‍നമ്പര്‍, കാര്‍ഡ് നമ്പര്‍ എന്നിവ ശേഖരിക്കാനും വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് ശേഖരിച്ച് അധികൃതർക്ക് കൈമാറി.
എന്നാല്‍ കിറ്റ് കിട്ടാത്ത വിഷയം നിലവിലില്ലെന്നാണ് സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ഡോ. ഡി. സജിത്ത് ബാബു ജില്ലാ, താലൂക്ക് സ്പ്ലൈ ഓഫീസര്‍മാര്‍ക്ക് വെള്ളിയാഴ്ച നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നത്. റേഷന്‍കടകള്‍ വഴി വിതരണം നിര്‍ത്തിയെന്നും ഏതെങ്കിലും തരത്തില്‍ ടോക്കണോ മറ്റോ നല്‍കിയിട്ടുണ്ടെങ്കില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരില്‍നിന്ന് വാങ്ങണമെന്നും അദ്ദേഹം പറയുന്നു. ഉപഭോക്താക്കളോട് എന്ത് മറുപടി നല്‍കുമെന്ന ആശങ്കയിലാണ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം കിറ്റ് കിട്ടാത്തവരുടെ വിവരം ശേഖരിച്ച് നല്‍കിയ വ്യാപാരികള്‍.