ഓസ്ട്രേലിയൻ ഓപ്പണിലെ വിലക്ക് നീക്കാൻ ശ്രമങ്ങളുമായി ജോക്കോവിച്ച്

സിഡ്നി: അടുത്ത ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകുമെന്ന പ്രതീക്ഷയിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച്. “ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല, പക്ഷേ ഈ ദിവസങ്ങളിൽ അനുകൂലമായ സൂചനകൾ ഉണ്ടായിട്ടുണ്ട്” ജോക്കോവിച്ച് പറഞ്ഞു. അടുത്ത ചാമ്പ്യൻഷിപ്പിനായി ജോക്കോവിച്ച് ഓസ്ട്രേലിയൻ മണ്ണിൽ കാലുകുത്താനുള്ള സാധ്യത ഇത് തുറക്കുന്നു.

കോവിഡ് വാക്സിൻ എടുക്കാത്തതിന്‍റെ പേരിൽ നൊവാക് ജോക്കോവിച്ച് കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്തായിരുന്നു. മത്സരത്തിനായി ഓസ്ട്രേലിയയിലെത്തിയെങ്കിലും തിരിച്ചയച്ചു. നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയ പിന്നീട് കോവിഡ് നിയന്ത്രണങ്ങളിൽ നിരവധി ഇളവുകൾ അനുവദിച്ചു. വാക്സിൻ എടുത്തില്ലെങ്കിലും പ്രവേശനം അനുവദിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഇതോടെ അടുത്ത ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കാനുള്ള ശ്രമം ജോക്കോവിച്ച് ആരംഭിച്ചു. ഈ ദിവസങ്ങളിൽ ഓസ്ട്രേലിയയിലെ അഭിഭാഷകരുമായി സംസാരിച്ചിട്ടുണ്ടെന്ന് സെർബിയൻ താരം പറയുന്നു. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ അധികൃതരുമായി അഭിഭാഷകർ ചർച്ച നടത്തി വരികയാണ്. വിലക്ക് നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും ജോക്കോവിച്ച് പറഞ്ഞു. 

ജനുവരി 16നാണ് ഓസ്ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്. റാഫേൽ നദാൽ നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനാണ്.