ആക്ഷനും ഡാൻസും ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർമാർ പറഞ്ഞു, അത് വെല്ലുവിളിയായെടുത്തു: ഹൃത്വിക് റോഷൻ

വ്യത്യസ്ത വേഷങ്ങളിലൂടെ ഇന്ത്യയിലെമ്പാടും ആരാധകരെ സമ്പാദിച്ച് സൂപ്പർതാര പദവിയിലേക്കുയർന്ന നടനാണ് ഹൃത്വിക് റോഷൻ. തന്റെ കരിയറിന്റെ 22-ാം വർഷത്തിലെത്തി നിൽക്കുകയാണ് താരം. പുതിയ ചിത്രമായ വിക്രം വേദ തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കവേ തന്റെ ആദ്യചിത്രത്തിനുമുമ്പ് ഡോക്ടർമാർ പറഞ്ഞ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഹൃത്വിക്.ആരോ​ഗ്യം നല്ലതല്ലാത്തതിനാൽ സിനിമയിൽ ആക്ഷനും ഡാൻസും ചെയ്യാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് ഹൃത്വിക് റോഷൻ മനസുതുറന്നു. വിക്രം വേദയിലെ ആദ്യ​ഗാനമായ ‘ആൽക്കഹോളിയ’യുടെ ലോഞ്ചിനിടെയായിരുന്നു ഈ വെളിപ്പെടുത്തൽ. ഡോക്ടർമാരുടെ വാക്കുകളെ വെല്ലുവിളിയായെടുത്ത് അത്തരം സിനിമകൾക്കായി ആരോ​ഗ്യത്തിലും ശാരീരികക്ഷമതയിലും ശ്രദ്ധകൊടുക്കാൻ തുടങ്ങി. ഇന്ന് 25-ാം സിനിമയിലെത്തി നിൽക്കുമ്പോൾ എല്ലാം സ്വപ്നമായാണ് തോന്നുന്നത്. ഇന്നത്തെ തന്നെ കണ്ടാൽ 21 വയസുള്ള ആ പഴയ താൻ അഭിമാനിക്കുമെന്നും ഹൃത്വിക് പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആൽക്കഹോളിയ എന്ന ​ഗാനം യൂട്യൂബ് ട്രെൻഡിങ്ങിലാണ് ഇപ്പോൾ. ഹൃത്വിക് റോഷന്റെ ചടുലമായ നൃത്തച്ചുവടുകളും മുഖഭാവങ്ങളും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. തമിഴിലെ എക്കാലത്തേയും മികച്ച ​ഗാങ്സ്റ്റർ ചിത്രങ്ങളിലൊന്നായ വിക്രം വേദയുടെ ഇതേ പേരിലുള്ള റീമേക്കാണ് ഹൃത്വിക് ചിത്രം. തമിഴിൽ വിജയ് സേതുപതി അവതരിപ്പിച്ച വിക്രമായാണ് ഹൃത്വിക് റോഷനെത്തുന്നത്. മാധവൻ അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രമായെത്തുന്നത് സെയ്ഫ് അലി ഖാനാണ്. പുഷ്കർ-​ഗായത്രി ടീമാണ് ഹിന്ദി ചിത്രവും സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടീസറും ട്രെയിലറും നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളിയായ സാം.സി.എസ്സാണ് പശ്ചാത്തലസം​ഗീതം.