തെരുവ് നായ കടിച്ചു കൊന്ന സംഭവത്തില്‍ കോടതി ഇടപെടണമെന്ന് പി ദിവ്യ

കണ്ണൂര്‍:11 വയസുകാരനെ തെരുവ് നായ കടിച്ചു കൊന്ന സംഭവത്തില്‍ കോടതി ഇടപെടണമെന്ന് കണ്ണൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി ദിവ്യ ആവശ്യപ്പെട്ടു.   അക്രമകാരികളായ  തെരുവ് നായകളെ കൊല്ലാൻ അനുമതി വേണം.ഇതിനായി സുപ്രീം കോടതിയെ സമീപിക്കും. ജനങ്ങളുടെ ജീവനാണ് വില നൽകേണ്ടതെന്നും പി പി ദിവ്യ പറഞ്ഞു.

മുഴുപ്പിലങ്ങാട് കെട്ടിനകത്ത്  തെരുവ് നായ്ക്കള്‍ കടിച്ചു കൊന്ന  11കാരന്‍ നിഹാല്‍ നൗഷാദിന്‍റെ മൃതദേഹം ഇന്ന്  ഖബറടക്കും.   തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം  ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദേശത്തുള്ള  നൗഷാദ് മകന്‍റെ മരണവാര്ത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഓട്ടിസം ബാധിച്ച നിഹാലിനെ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതാവുന്നത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. 

 നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നുമാണ്   ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അരക്കു  താഴെ മാംസം മുഴുവന്‍ നായ്ക്കള്‍  കടിച്ചെടുത്ത നിലയിലായിരുന്നു. ഉടന്‍ തന്നെ  തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.