നായ ആക്രമണം; നഷ്ടപരിഹാരം തീരുമാനിക്കേണ്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി പ്രതിസന്ധിയിൽ

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം തീരുമാനിക്കേണ്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി സർക്കാർ പണം നൽകാത്തതിനാൽ പ്രതിസന്ധിയിൽ. തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും സമിതിയുടെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് നൽകാൻ സർക്കാർ തയാറായിട്ടില്ല.

ഫണ്ട് കിട്ടാത്തതിനാൽ കമ്മീഷന്‍റെ പ്രവർത്തനം തടസ്സപ്പെടുകയാണെന്ന് ജസ്റ്റിസ് സിരിജഗൻ പറഞ്ഞു. ഓഫീസിൽ ഫോൺ പോലും ഇല്ല. വൈ-ഫൈ ഇല്ലാത്തതിനാൽ ഇ-മെയിൽ ഉപയോഗിക്കാൻ കഴിയില്ല. 5,500 ഓളം അപേക്ഷകളാണ് സമിതിക്ക് ഇതുവരെ ലഭിച്ചത്. ഇതിൽ 818 കേസുകൾ പരിശോധിച്ചു. 749 കേസുകളിൽ നഷ്ടപരിഹാരം കണക്കാക്കി സർക്കാരിന് കൈമാറി. നഷ്ടപരിഹാരത്തുക തദ്ദേശ സ്ഥാപനങ്ങളാണ് നൽകേണ്ടത്. പരാതിക്കാർക്ക് നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് സിരിജഗന് സ്വന്തം പോക്കറ്റിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് ചെലവായത്. പരാതി ലഭിച്ചാൽ ആദ്യം നോട്ടീസ് അയയ്ക്കും. തുടർന്ന് സിറ്റിംഗ് തീയതി തീരുമാനിച്ച് രണ്ടാമത്തെ നോട്ടീസ് അയക്കും. ഒരു പരാതിയിൽ നോട്ടീസ് അയയ്ക്കുന്നതിന് 180 രൂപയാണ് ചെലവ്.

ഫണ്ട് ലഭ്യമല്ലാത്തതിനാൽ ജില്ലകളിൽ ഇപ്പോൾ സിറ്റിംഗുകൾ നടക്കുന്നില്ല. ടി.എ, ഡി.എ, ഗസ്റ്റ് ഹൗസിൽ താമസിക്കാനുള്ള പണം എന്നിവ ലഭിക്കാത്തതിനെ തുടർന്നാണ് ജില്ലകളിലെ സിറ്റിങ് നടക്കാത്തത്. ജസ്റ്റിസ് സിരിജഗനെ കൂടാതെ സെക്രട്ടറിയും ക്ലാർക്കും പ്യൂണും ഓഫീസിലുണ്ട്. ക്ലാർക്കും പ്യൂണും നഗരസഭ ജീവനക്കാരാണ്. സെക്രട്ടറി സർക്കാരിൽ നിന്നുള്ള ഡെപ്യൂട്ടേഷനിലാണ് ജോലി ചെയ്യുന്നത്. മുനിസിപ്പാലിറ്റിയുടെ കെട്ടിടത്തിലാണ് പ്രവർത്തനം.