ഡോളര്‍ക്കടത്ത് കേസ്; സന്തോഷ് ഈപ്പനെ തുടര്‍ച്ചയായി ചോദ്യം ചെയ്ത് ഇ.ഡി
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഡോളർ കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും പിടിമുറുക്കുകയാണ്. കേസിലെ ഒന്നാം പ്രതി സന്തോഷ് ഈപ്പനെ ഉദ്യോഗസ്ഥർ തുടർച്ചയായി ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും ഉടൻ ചോദ്യം ചെയ്യും.
ലൈഫ് മിഷൻ പദ്ധതി പ്രകാരം തൃശൂർ വടക്കാഞ്ചേരിയിൽ ഭവന നിർമ്മാണ പദ്ധതിക്ക് യു.എ.ഇ റെഡ്ക്രസന്റ് വഴി ലഭിച്ച ഏഴേമുക്കാൽ കോടിയിൽ 3.80 കോടി കൈക്കൂലിയായി നൽകിയെന്ന് സന്തോഷ് വെളിപ്പെടുത്തിയിരുന്നു.
ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇന്ത്യൻ രൂപ ഡോളറാക്കി മാറ്റി. കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്‍റായ ഖാലിദ് ഷൗക്രിക്ക് നേരിട്ട് നൽകിയെന്നാണ് മൊഴി. നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായർ എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് ഇത് ചെയ്തത്.