കാറുകളുടെ ആഭ്യന്തര വാര്‍ഷിക വില്‍പ്പന 3.793 ദശലക്ഷം കടന്നു; റെക്കോര്‍ഡെന്ന് കണക്കുകൾ

ഡൽഹി: 2022 ൽ, രാജ്യത്തെ കാറുകളുടെ ആഭ്യന്തര വാർഷിക വിൽപ്പന എക്കാലത്തെയും ഉയർന്ന നിരക്കായ 3.793 ദശലക്ഷം യൂണിറ്റായി രേഖപ്പെടുത്തി. 2021 നെ അപേക്ഷിച്ച് 23.1 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഉയർന്ന ഡിമാൻഡും മെച്ചപ്പെട്ട സെമികണ്ടക്ടര്‍ ചിപ് വിതരണവുമാണ് ഈ നേട്ടത്തിന് കാരണം.

കാറുകളുടെ ആഭ്യന്തര വാർഷിക വിൽപ്പനയിൽ ടാറ്റ മോട്ടോഴ്സ് 58.2 ശതമാനം വളർച്ച രേഖപ്പെടുത്തി. കിയ ഇന്ത്യയും ടൊയോട്ട കിർലോസ്കറും യഥാക്രമം 40.2 ശതമാനവും 22.6 ശതമാനവും വളർച്ച നേടി. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി വാർഷിക ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയിൽ 15.4 ശതമാനം വളർച്ച രേഖപ്പെടുത്തി.

2022 ൽ ഇന്ത്യൻ വാഹന വ്യവസായത്തിന്‍റെ ആഭ്യന്തര മൊത്തം വ്യാപാരം 23.1 ശതമാനം വർദ്ധിച്ച് 3.79 ദശലക്ഷം യൂണിറ്റായി ഉയർന്നതായി മാരുതി സുസുക്കി സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. 2018 ലാണ് ഇതിനു മുൻപ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.