സ്ത്രീധനത്തിന്റെ പേരില്‍ ഗാർഹിക പീഡനം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

കാട്ടാക്കട: സ്ത്രീധനത്തിന്‍റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡന്‍റ് കാട്ടാക്കട പാപ്പനം സ്വദേശി ഡാനിയേലിനെതിരെയാണ് കാട്ടാക്കട പൊലീസ് സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുത്തത്.

2018ലാണ് വെള്ളറട കിളിയൂര്‍ വിജയ ഭവനിൽ അഖിലയെ (25) ഡാനിയേൽ വിവാഹം കഴിച്ചത്. ഡാനിയേലും അച്ഛൻ ജ്ഞാനദാസും അമ്മ തങ്കവും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന അഖിലയുടെ പരാതിയിലാണ് കേസെടുത്തതെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഖില മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.