നരേന്ദ്ര മോദിയെ പുകഴ്ത്തി ഡോണൾഡ് ട്രംപ്

ന്യൂജഴ്‌സി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്താണ് താനെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെക്കാളും മുൻ പ്രസിഡന്‍റ് ബരാക് ഒബാമയെക്കാളും ഇന്ത്യയുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും സംശയമുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാമെന്നും ട്രംപ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി വളരെ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. മോദി കഴിവുള്ള ഭരണാധികാരിയാണ്. അദ്ദേഹവുമായി വളരെ അടുത്ത വ്യക്തിപരമായ ബന്ധം ഞാൻ കാത്തുസൂക്ഷിച്ചു. വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്, പക്ഷേ അദ്ദേഹത്തിന് വളരെ നന്നായി പ്രവർത്തിക്കാൻ കഴിയും. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്,” ട്രംപ് പറഞ്ഞു.

ഇന്ത്യൻ സമൂഹത്തിൽ നിന്ന് തനിക്ക് ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്നും ട്രംപ് പറഞ്ഞു. 2024 ൽ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് താൻ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ദുർബലമായ സാമ്പത്തിക ഘടനയാണ് അമേരിക്കയ്ക്കുള്ളതെന്നും താൻ അധികാരത്തിൽ വന്നാൽ യുഎസ് അതിന്‍റെ പഴയ പ്രതാപ നാളുകളിലേക്ക് മടങ്ങുമെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. തന്റെ സ്ഥാനാർഥിത്വത്തിൽ അമേരിക്കൻ ജനത സന്തോഷിക്കും. തന്റെ സ്ഥാനാർഥിത്വം നിരവധി പേരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.