‘എന്നെ കൈവിടല്ലേ’;സാഷ്ടാംഗം വീണ് വോട്ട് അഭ്യര്‍ഥിച്ച് വിദ്യാര്‍ഥി നേതാക്കള്‍

രാജസ്ഥാൻ: തിരഞ്ഞെടുപ്പായാൽ സ്ഥാനാർത്ഥികൾ വോട്ട് നേടാൻ പല തന്ത്രങ്ങളും പ്രയോഗിക്കും. പാർലമെന്‍റ് തിരഞ്ഞെടുപ്പായാലും കോളേജ് തിരഞ്ഞെടുപ്പായാലും സ്ഥിതി വ്യത്യസ്തമല്ല. ഇപ്പോൾ, കോളേജ് തിരഞ്ഞെടുപ്പിൽ പരമാവധി വോട്ട് നേടാൻ ഒരു കൂട്ടം നേതാക്കൾ അവരുടെ സഹപാഠികളുടെ കാൽക്കൽ വീഴുന്ന ദൃശ്യങ്ങൾ വൈറലാണ്.

രാജസ്ഥാനിലെ ബാരനിൽ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ വിദ്യാർത്ഥിനികൾക്ക് മുന്നിൽ സാഷ്ടാംഗം വീണു കിടന്ന ശേഷം കാല് പിടിച്ച് തങ്ങളുടെ പാര്‍ട്ടിക്കുതന്നെ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണ് ഇവര്‍.

വോട്ട് ചെയ്യുമെന്ന് ഉറപ്പ് ലഭിക്കുന്നത് വരെ കാലിൽ നിന്ന് പിടി വിടാതെയാണ് അഭ്യർത്ഥന. ചിരിക്കാതിരിക്കാൻ പാടുപെടുന്ന വിദ്യാർത്ഥിനികൾ എഴുന്നേൽക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.