അഴിമതിക്കാരോട് മൃദുസമീപനം കാണിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: അഴിമതിക്കാരോട് കോടതികൾ മൃദുസമീപനം കാണിക്കരുതെന്ന് സുപ്രീം കോടതി. കൈക്കൂലി ആവശ്യപ്പെട്ടതിന് നേരിട്ട് തെളിവില്ലെങ്കിലും അഴിമതി നിരോധന നിയമപ്രകാരം പൊതുപ്രവർത്തകരെ ശിക്ഷിക്കാമെന്ന് കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. അഴിമതി തെളിയിക്കാൻ സാഹചര്യത്തെളിവുകൾ മാത്രം മതിയെന്ന് ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധിച്ചത്.

അഴിമതി വലിയ തോതിൽ ഭരണത്തെ ബാധിക്കുകയും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയും ചെയ്യുന്നതിനാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് ശിക്ഷിക്കണമെന്ന് ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചു. ആവശ്യപ്പെടാതെ നൽകുന്ന കൈക്കൂലി സ്വീകരിക്കുന്നതും കുറ്റകരമാണെന്ന് കോടതി പറഞ്ഞു.

പരാതിക്കാരൻ മരിച്ചുപോവുകയോ കൂറുമാറുകയോ ചെയ്‌തെന്ന കാരണത്താൽ കുറ്റാരോപിതനെ വെറുതെ വിടില്ല. രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ വിചാരണ തുടരാമെന്നും കോടതി പറഞ്ഞു.