അന്ധേരി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുത്; ഫഡ്നാവിസിന് കത്തെഴുതി രാജ് താക്കറെ

മുംബൈ: അന്ധേരി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തരുതെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ ബിജെപിയോട് അഭ്യർത്ഥിച്ചു. അന്ധേരി എം.എൽ.എ രമേഷ് ലട്‌കെയുടെ നിര്യാണത്തെ തുടർന്നാണ് അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്. അന്തരിച്ച നിയമസഭാംഗത്തോട് ബഹുമാനം കാണിക്കാൻ എംഎൻഎസ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് താക്കറെ സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ ഫട്നാവിസിന് അയച്ച കത്തിൽ പറയുന്നു.

രമേഷ് ലട്‌കെയുടെ ഭാര്യ റുതുജ രമേശാണ് ഉദ്ധവ് താക്കറെ ക്യാമ്പിലെ സ്ഥാനാർത്ഥി. റുതുജക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് താക്കറെ വ്യക്തമാക്കി. രമേഷ് ലട്‌കെയുടെ രാഷ്ട്രീയ രംഗത്തെ വളർച്ചക്ക് സാക്ഷ്യം വഹിച്ചയാളാണ് താൻ. മഹാരാഷ്ട്രയുടെ രാഷ്ട്രീയ സംസ്‌കാരത്തിന് യോജിക്കുമെന്നതിനാൽ റുതുജ ലട്‌കെ എം.എൽ.എ ആകണമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ് താക്കറെയുടേത് നല്ല ഉദ്ദേശ്യമുള്ളതാണെന്നും എന്നാൽ തീരുമാനമെടുക്കുന്നതിന് മുമ്പ് പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യണമെന്നും കത്തിന് മറുപടിയായി ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു.