വിവാഹമോചനം ലഭിക്കാൻ പങ്കാളി മോശമെന്ന് തെളിയിക്കേണ്ട കാര്യമില്ല: സുപ്രീം കോടതി
ന്യൂ ഡൽഹി: വിവാഹമോചനക്കേസിൽ ദമ്പതികളിൽ ഒരാൾ മോശക്കാരനാണെന്നോ മറ്റ് എന്തെങ്കിലും കുറ്റമുണ്ടെന്നോ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. പങ്കാളികൾ തമ്മിൽ ഒരു പ്രശ്നവുമില്ലെങ്കിലും, അവരുടെ ബന്ധം പൊരുത്തപ്പെടാന്‍ കഴിയാത്ത രീതിയില്‍ ആകാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിവാഹമോചന കേസുകളിൽ നിർണായക നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിനെ കൂടാതെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരാണ് കേസുകള്‍ വാദം കേട്ട ബെഞ്ചിലുണ്ടായിരുന്നത്. ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസിൽ ഇന്നും വാദം തുടരും.
പലപ്പോഴും, വിവാഹമോചനം എന്തുകൊണ്ട് നടക്കുന്നു എന്ന സമൂഹത്തിന്റെ ചോദ്യമാണ് വിവാഹ മോചനത്തില്‍ കക്ഷികള്‍ തമ്മില്‍ കോടതിയില്‍ നടത്തുന്ന ആരോപണങ്ങളുടെ അടിസ്ഥാനം. ഇത് തെറ്റായ രീതിയാണെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് നല്ല വ്യക്തികൾക്ക് രണ്ട് നല്ല പങ്കാളികളാകാൻ കഴിഞ്ഞെന്നുവരില്ലെന്നും കോടതി പറഞ്ഞു.