‘നിർദേശമില്ലാതെ ക്യാംപുകളിൽനിന്ന് മടങ്ങരുത്; പരിഭ്രാന്തരാകാതെ ജാഗ്രത തുടരണം’

ചാലക്കുടി: ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെയെന്ന് റവന്യൂ മന്ത്രി കെ രാജൻ. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് 37,902 ഘനയടി വെള്ളമാണ് ചാലക്കുടിപ്പുഴയിൽ എത്തുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും അദ്ദേഹം പറഞ്ഞു. നിർദ്ദേശങ്ങളില്ലാതെ ക്യാമ്പുകളിൽ നിന്ന് മടങ്ങരുത്. മഴ കുറഞ്ഞാലും വീടുകളിലേക്ക് മടങ്ങരുത്. മഴ വടക്കൻ മേഖലകളിലേക്കും വ്യാപിക്കുകയാണ്. തൃശൂർ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആളുകളെ ഒഴിപ്പിച്ചു. 2018 ലെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നാണ് ഒഴിപ്പിക്കൽ. വ്യാഴാഴ്ച രാവിലെ മുതൽ തമിഴ്നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളിൽ നിന്ന് പെരിങ്ങൽക്കുത്ത് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് പുഴയിലെ ജലനിരപ്പ് ഉയർന്നത്.

ചാലക്കുടിപ്പുഴയിലെ നിലവിലെ ജലനിരപ്പ് 6.8 മീറ്ററാണ്. ഇത് 7.1 മീറ്ററായി ഉയർന്നാൽ ആദ്യ മുന്നറിയിപ്പ് നൽകും. കേരള ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകൾ കൂടുതൽ തുറന്നതിനാൽ അധികജലം രാത്രിയോടെ ചാലക്കുടിപ്പുഴയിലെത്തും. പുഴയോരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.