ആധുനിക ചികിത്സാ സമ്പ്രദായങ്ങള്‍ക്കെതിരേ പ്രസ്താവന നടത്തരുത്; രാംദേവിനോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: അലോപ്പതി പോലുള്ള ആധുനിക വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾക്കെതിരെ പ്രസ്താവനകൾ നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. വാക്സിനേഷനും ആധുനിക മരുന്നുകൾക്കുമെതിരായ പ്രചാരണങ്ങളും നെഗറ്റീവ് പരസ്യങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാംദേവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ‘ബാബാ രാംദേവിന് എന്ത് സംഭവിച്ചു. അദ്ദേഹത്തിന് തന്റെ സംവിധാനം ജനകീയമാക്കാന്‍ സാധിക്കും. എന്നാല്‍, അദ്ദേഹം മറ്റു സംവിധാനങ്ങളെ എന്തിന് വിമര്‍ശിക്കണം. നമ്മള്‍ എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നു. യോഗയെ അദ്ദേഹം ജനകീയമാക്കി. എന്നാല്‍ മറ്റു സംവിധാനങ്ങളെ വിമര്‍ശിക്കരുത്. എല്ലായ്‌പ്പോഴും തന്റെ സംവിധാനം പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹത്തിന് എന്ത് ഉറപ്പാണുള്ളത്. ഡോക്ടര്‍മാരുടെ സംവിധാനങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹത്തിനാകില്ല. മറ്റു സംവിധാനങ്ങളെ ആക്ഷേപിക്കുന്നതില്‍ നിന്ന് അദ്ദേഹം സ്വയം നിയന്ത്രിക്കണം’, ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു. ജസ്റ്റിസുമാരായ ഹിമാ കോലിയും സി.ടി. രവികുമാറും ബെഞ്ചില്‍ അംഗങ്ങളായിരുന്നു. ഐഎംഎയുടെ ഹർജിയിൽ കേന്ദ്രസര്‍ക്കാര്‍, ആരോഗ്യ മന്ത്രാലയം, അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഓഫ് ഇന്ത്യ, പതഞ്ജലി ആയുർവേദ ലിമിറ്റഡ് എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.