വഹിക്കുന്ന പദവിയെ കളിയാക്കരുത്, ഗവർണറോട് പി. രാജീവ്

കൊച്ചി: മുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദിന്‍റെ വിമർശനം തള്ളി മന്ത്രി പി രാജീവ്. വഹിക്കുന്ന പദവിയെ ഗവർണർ പരിഹസിക്കരുതെന്നും പി രാജീവ് ആവശ്യപ്പെട്ടു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ നേരത്തെ ചർച്ച ചെയ്ത വിഷയങ്ങൾ ആണ് ഗവർണർ പറഞ്ഞത്. ഭരണഘടനാ പദവിയാണ് വഹിക്കുന്നതെന്ന തിരിച്ചറിവോടെ ഗവർണർ പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഗവർണറിൽ നിന്ന് വളരെ താഴേത്തട്ടിലുള്ള പ്രതികരണം സർക്കാർ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഇന്ന് എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടുള്ള പ്രവർത്തിയാണ് നടത്തിയത്. അദ്ദേഹം തന്‍റെ രാഷ്ട്രീയം വ്യക്തമാക്കിയിട്ടുണ്ട്. ആർ.എസ്.എസിനുവേണ്ടി ക്ലാസുകൾ എടുക്കാറുണ്ടെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇതിലൂടെ ജനങ്ങൾ ഗവർണറുടെ രാഷ്ട്രീയം മനസ്സിലാക്കി. എന്നാൽ ഗവർണർ പദവിയിൽ ഇരിക്കുമ്പോൾ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ കണ്ടത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറഞ്ഞതിനെയും രാജീവ് വിമർശിച്ചു. ഇത് കോണ്‍ഗ്രസ്സിന്‍റെ നിലപാടാണോ എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും രാജീവ് പറഞ്ഞു. ഇത് ഒരു ജനാധിപത്യ ഭരണകൂടമാണെന്നും രാജവാഴ്ചയോ വൈസ്രോയ് ഭരണകൂടമോ അല്ലെന്നും മനസിലാക്കണമെന്നും രാജീവ് പറഞ്ഞു.