ചരക്കുനീക്കത്തിന് തടസ്സം നിൽക്കരുത്: ഷാങ്ഹായ് ഉച്ചക്കോടിയിൽ മോദിയുടെ മുന്നറിയിപ്പ്

ഉസ്ബെക്കിസ്ഥാൻ: അവശ്യവസ്തുക്കളുടെ ചരക്കുനീക്കത്തിന് ഒരു രാജ്യവും തടസ്സമാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിർദേശം മുന്നോട്ടുവച്ചത്. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പാകിസ്ഥാൻ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. ഉക്രൈനിലെ സംഘർഷവും കോവിഡ് -19 ഉം ആഗോളതലത്തിൽ ഊർജ ഭക്ഷ്യ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.

പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് മോദി പറഞ്ഞു. അടുത്ത ഒരു വർഷത്തേക്കുള്ള ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്‍റെ (എസ്സിഒ) പ്രസിഡന്‍റ് സ്ഥാനം ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് കൈമാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗും തമ്മിലുള്ള ചർച്ച ഉച്ചകോടിയിൽ നടക്കുമോ എന്ന് വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ആദ്യ സെഷൻ പൂർത്തിയായി.

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന് ഇന്നത്തെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. എട്ട് രാഷ്ട്രങ്ങളുള്ള ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിൽ ഇറാനെ അംഗമാക്കാനും ഉച്ചകോടി തീരുമാനിക്കും. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.