സമ്മർദങ്ങൾക്ക് വഴങ്ങില്ല, പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശം: ഗവർണർ
ന്യൂഡല്‍ഹി: ഗവർണർക്കെതിരായ എൽ.ഡി.എഫിന്റെ രാജ്ഭവൻ മാർച്ചിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും താൻ ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമ്മർദങ്ങൾക്ക് വഴങ്ങാൻ തയ്യാറല്ല. എല്ലാവരും അവരുടെ പരിധിയിൽ നിൽക്കണം. ജുഡീഷ്യറിയുടെ ഉത്തരവുകളെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. അതില്‍ നിന്ന് പിന്മാറില്ല. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ അസ്വസ്ഥനാണ്. സര്‍വകലാശാലകളെ പാര്‍ട്ടി ഡിപ്പാര്‍ട്ടുമെന്റുകളാക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ 13 സര്‍വകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നത്. കോടതി വിധി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്,” ഗവര്‍ണര്‍ പറഞ്ഞു.
“ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ഒരു ഓര്‍ഡിനന്‍സും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത് വരെ കിട്ടിയില്ല. കൈയില്‍ കിട്ടാത്ത ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ല. ആരോടും വ്യക്തിപരമായി ശത്രുതയില്ല. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളെയാണ് ചോദ്യം ചെയ്തത്. സര്‍വകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ നിയമങ്ങളുണ്ട്. സുപ്രീം കോടതി ഈ വിഷയത്തില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.