സർക്കാരുകളെ താരതമ്യം ചെയ്ത് തരം താഴ്ത്താൻ നോക്കേണ്ട: കാനം

കളമശേരി: ഒന്നാം പിണറായി സർക്കാർ നല്ലതും രണ്ടാം പിണറായി സർക്കാർ മോശവുമാണെന്ന താരതമ്യം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ പ്രവർത്തിക്കുന്ന സർക്കാരാണ് ആദ്യ സർക്കാരും രണ്ടാം സർക്കാരും. സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ ശ്രമിച്ചത് എൽ.ഡി.എഫ് സർക്കാരാണ്. കഴിഞ്ഞ അഞ്ച് വർഷമായി അധികാരത്തിലിരുന്ന എൽ.ഡി.എഫ് നടപ്പാക്കിയ പരിഷ്കാരങ്ങൾ അംഗീകരിച്ച് ജനങ്ങൾ നൽകിയ സമ്മാനമാണ് തുടർഭരണമെന്ന് കാനം അഭിപ്രായപ്പെട്ടു.

സി.പി.ഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “കേരളത്തിലെ ജനങ്ങളുടെ സ്ഥിരം ആവശ്യങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഒരു സഹായവും നൽകുന്നില്ല. കേരള സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അന്വേഷണത്തിന്‍റെ കുരുക്കിലേക്ക് വലിച്ചിഴക്കാൻ വലിയ ശ്രമങ്ങളാണ് നടക്കുന്നത്.  സ്വാതന്ത്ര്യസമരകാലത്ത് ദേശീയ പ്രസ്ഥാനത്തിനെതിരെ നിലപാടെടുത്ത ആർ.എസ്.എസിന് 20 കോടി ദേശീയപതാകകൾ ഉണ്ടാക്കി വിതരണം ചെയ്ത് തെറ്റുകളുടെ പാപങ്ങൾ കഴുകിക്കളയാൻ കഴിയില്ല. 

ഭരണഘടനയിൽ നിന്ന് അകലം പാലിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം സ്വാതന്ത്ര്യത്തിനു മൂക്കുകയറിടുന്നു. ബാങ്കുകൾ , വിമാനത്താവളങ്ങൾ , പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തുകയാണ്. രാഷ്ട്രീയ ശത്രുക്കളെ നേരിടാനുള്ള ഉപകരണങ്ങളായി ഇ.ഡിയെയും മറ്റ് കേന്ദ്ര ഏജൻസികളെയും ബി.ജെ.പി ഉപയോഗിക്കുകയാണ്.”