‘കുത്തിതിരിപ്പിന് ശ്രമിക്കരുത്,വസ്തുതകള്‍ പഠിക്കണം’

തിരുവനന്തപുരം: നെടുമ്പാശേരി അപകടത്തെ തുടർന്ന് മന്ത്രി റിയാസും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോര് തുടരുകയാണ്. പ്രതിപക്ഷ നേതാവ് പ്രകോപനപരമായ പ്രസ്താവന നടത്തരുതെന്നാണ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ ഏറ്റവും പുതിയ വിമർശനം. അദ്ദേഹം വസ്തുതകൾ മനസിലാക്കി സംസാരിക്കണമെന്നും മന്ത്രി പറഞ്ഞു.

നെടുമ്പാശേരിയിൽ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചത് ദൗർഭാഗ്യകരമാണ്. മരണത്തെ പോലും രാഷ്ട്രീയ നേട്ടമാക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശ്രമിക്കുന്നത്. എൻഎച്ച്എഐ ഉദ്യോഗസ്ഥർ പൊതുമരാമത്ത് ഉദ്യോഗസ്ഥരാണെന്ന പ്രതിപക്ഷ നേതാവിന്‍റെ വാദം തെറ്റാണ്. മഴക്കാലപൂർവ ജോലികൾ നടന്നില്ലെന്ന ആരോപണവും വാസ്തവവിരുദ്ധമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു.

ഏത് വകുപ്പിന്‍റെ റോഡ് ആയാലും കുഴികൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം രൂപീകൃതമായ നാൾ മുതൽ റോഡുകളിൽ കുഴികളുണ്ടെന്ന് പറഞ്ഞ് കൈയ്യും കെട്ടി നിൽക്കാൻ കഴിയില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധീകരിച്ചതോടെ പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി മെച്ചപ്പെട്ടു. ദേശീയ പാതയുടെ കാര്യത്തിൽ കേന്ദ്രത്തിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.