കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ തൃപ്തരെങ്കിൽ എനിക്ക് വോട്ടുചെയ്യേണ്ട: ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയിൽ പൂർണ സംതൃപ്തിയുള്ളവർ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. 2014, 2019 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ വോട്ടർമാരുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയുന്ന ഒരു മാറ്റം താൻ ആഗ്രഹിക്കുന്നുവെന്നും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാത്തതിനാൽ പാർട്ടിയിൽ നിരവധി പോരായ്മകളുണ്ടെന്നും വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

“പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഞാനും ഖാർഗെയും തമ്മിൽ ശത്രുതയില്ല. രണ്ട് കോണ്‍ഗ്രസ് പ്രവർത്തകരായാണ് ഞങ്ങൾ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കോൺഗ്രസ് വിട്ട പ്രവർത്തകരെയും വോട്ടർമാരെയും പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്ന തരത്തിലുള്ള ഒരു മാറ്റം ആഗ്രഹിക്കുന്നു”, ശശി തരൂർ പറഞ്ഞു.

ഖാർഗെയ്ക്ക് വേണ്ടി പാർട്ടി നേതാക്കൾ പരസ്യ പ്രചാരണം നടത്തുന്നതിലുള്ള അതൃപ്തിയും തരൂർ പ്രകടിപ്പിച്ചു. ഖാർഗെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയല്ലെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടുണ്ടെങ്കിലും ചില നേതാക്കളുടെ പ്രവർത്തനം ആ രീതിയിലല്ല. ഇത് നീതിയുക്തമല്ലെന്നും തരൂർ പറഞ്ഞു.