അണക്കെട്ടുകൾ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട: മന്ത്രി കെ.രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെ നിരവധി ഡാമുകൾ തുറക്കേണ്ട സാഹചര്യമുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. 2018 ലെ അനുഭവം ഉണ്ടാകില്ല. റൂൾ കർവ് അനുസരിച്ച് മാത്രമേ ഡാമുകൾ തുറക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറിൽ നിന്ന് 534 ഘനയടി വെള്ളമാണ് ആദ്യം തുറന്നുവിടുക. 2 മണിക്കൂറിന് ശേഷം 1000 ക്യുസെക്സ് വെള്ളം തുറന്നുവിടേണ്ടി വരും. 1000 ക്യുസെക്സിന് മുകളിൽ പോയാൽ കേരളവുമായി ചർച്ച നടത്തിയ ശേഷം മാത്രമേ തുറക്കൂവെന്ന് തമിഴ്നാട് ഉറപ്പ് നൽകിയിട്ടുണ്ട്. ഫ്ലഡ് ടൂറിസം അനുവദിക്കില്ലെന്നും സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയതിന് കേസെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളമെടുക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് കത്തിലെ ആവശ്യം. ഡാമിലെ ജലനിരപ്പ് കുറയ്ക്കാൻ കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്നും 24 മണിക്കൂർ മുമ്പ് സ്വീകരിക്കാൻ പോകുന്ന നടപടികൾ കേരളത്തെ അറിയിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.