ഡോ.എം.റോസലിന്‍ഡ് ജോര്‍ജിനെ കുഫോസ് ആക്ടിങ് വിസിയായി നിയമിച്ചു

തിരുവനന്തപുരം: കുഫോസ് ആക്ടിംഗ് വി.സിയായി ഡോ. എം റോസലിന്‍ഡ് ജോർജിനെ നിയമിച്ചു. റിജി ജോണിന്‍റെ നിയമനം റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഉത്തരവ്. പുറത്താക്കപ്പെട്ട വി.സി റിജി ജോണിന്‍റെ ഭാര്യയാണ് റോസലിന്‍ഡ് ജോർജ്. ഫിഷറീസ് സർവകലാശാലയിലെ ഫിഷറീസ് ഫാക്കൽറ്റി ഡീനും ഏറ്റവും മുതിർന്ന പ്രൊഫസറുമാണ് അവർ. ചാൻസലർ എന്ന നിലയിൽ യുജിസി മാർഗ്ഗനിർദ്ദേശങ്ങളും യൂണിവേഴ്സിറ്റി ആക്ടും പാലിച്ചാണ് ഉത്തരവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കുഫോസ് വി.സിയുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ വി.സി കെ.റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും സ്റ്റേ ലഭിച്ചില്ല. കാർഷിക വിദ്യാഭ്യാസം സംസ്ഥാന പട്ടികയിൽ ഉൾപ്പെടുന്നതാണ്. അതിനാൽ യു.ജി.സി ചട്ടങ്ങൾ ബാധകമല്ലെന്നും എന്നാൽ ഹൈക്കോടതി അത് കണക്കിലെടുത്തില്ലെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

റിജി ജോണിന് വേണ്ടി അഭിഭാഷക ആനി മാത്യുവാണ് ഹർജി നൽകിയത്. റിജി ജോണിന്‍റെ നിയമനം യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി വിധിച്ചു. യു.ജി.സി ചട്ടങ്ങൾ പാലിച്ച് പുതിയ വി.സിയെ നിയമിക്കണമെന്നും ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു.