ചീറ്റകളെ മയക്കി ഇന്ത്യയില്‍ എത്തിച്ചത് കർണാടക സ്വദേശി ഡോ.സനത് കൃഷ്ണ മുളിയ

മംഗളൂരു: ഏഴുപതിറ്റാണ്ടിന് ശേഷം ചീറ്റകളെ ഇന്ത്യയിലെത്തിച്ച ചരിത്രപരമായ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച് ദക്ഷിണ കന്നഡ പുത്തൂർ സ്വദേശിയായ ഡോ.സനത് കൃഷ്ണ മുളിയ. വന്യജീവി അനസ്തീഷ്യ വിദഗ്ധനായ സനത് കൃഷ്ണയാണ് നമീബിയയിൽ നിന്നുള്ള ചീറ്റകളെ 16 മണിക്കൂർ യാത്രയ്ക്ക് പ്രാപ്തരാക്കിയത്.

ഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിലെ അസിസ്റ്റന്‍റ് വെറ്ററിനറി ഓഫീസറും അനസ്തീഷ്യ സ്പെഷ്യലിസ്റ്റുമായ സനത് ആണ് ചെറിയ അളവിൽ അനസ്തേഷ്യ മരുന്ന് നൽകി മയക്കി 16 മണിക്കൂർ നീണ്ട പ്രത്യേക വിമാന യാത്രക്കായി ചീറ്റകളെ സജ്ജമാക്കിയത്.

വിമാനത്തിലുടനീളം, സനത് ഓരോ മണിക്കൂറിലും ചീറ്റകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു കൊണ്ടിരുന്നു. ഡൽഹിയിലെ നാഷണൽ വൈൽഡ് ലൈഫ് പാർക്കിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ് സനത്. ആനകളുടെയും കടുവകളുടെയും ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിക്കാനും എണ്ണമെടുക്കാനുമായി മൃഗങ്ങളിൽ റേഡിയോ കോളറുകൾ ഘടിപ്പിക്കുന്നതിലും അദ്ദേഹം വിദഗ്ദ്ധനാണ്.