മെറ്റയും ട്വിറ്ററും പിരിച്ച് വിട്ടവർക്ക് ജോലി വാഗ്ദാനം ചെയ്ത് ഡ്രീം11 മുതലാളി

ന്യൂഡല്‍ഹി: മെറ്റയും ട്വിറ്ററും ഉൾപ്പെടെ നിരവധി കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുകയാണ്. ചെലവ് ചുരുക്കലിനായി ട്വിറ്റർ 3800 പേരെയാണ് പിരിച്ച് വിട്ടതെങ്കിൽ മെറ്റയിൽ ഇത് 11000 ആയിരുന്നു.

ഓരോ ടെക് കമ്പനിയും പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം ഓരോ ആഴ്ചയും കുത്തനെ ഉയരുകയാണ്. യുഎസിൽ എച്ച്-1 ബി വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അടക്കമുള്ള മിക്ക ആളുകളും ഒരു പുതിയ ജോലി കണ്ടെത്താൻ വളരെ ബുദ്ധിമുട്ടുകയാണ്.

അടുത്ത 60 ദിവസത്തിനുള്ളിൽ ഒരു പുതിയ ജോലി കണ്ടെത്തുന്നതിൽ പരാജയപ്പെട്ടാൽ ഇവരെല്ലാം യുഎസ് വിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഒരു ഇന്ത്യൻ സി.ഇ.ഒ ഇന്ത്യക്കാരെ സ്വന്തം മണ്ണിലേക്ക് തിരികെ വിളിക്കുന്നത്. മറ്റാരുമല്ല, ഡ്രീം 11 സഹസ്ഥാപകനും സിഇഒയുമായ ഹർഷ് ജെയിൻ ആണ് തന്‍റെ കമ്പനി ലാഭത്തിലാണെന്നും ഇന്ത്യക്കാർ അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങിവരണമെന്നും ഇന്ത്യൻ ടെക് കമ്പനികളെ ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്നും പറഞ്ഞത്.