വടക്കഞ്ചേരി അപകടത്തിൽ ഡ്രൈവര്‍ ജോമോനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

പാലക്കാട്: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേർ മരിച്ച അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അപകടത്തിൽ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം രക്ഷപ്പെട്ട ജോമോനെ വ്യാഴാഴ്ച വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. തുടർന്നാണ് തെളിവെടുപ്പ് നടത്തിയത്. ബസിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമായത്.

ജോമോനോട് അപകടത്തെക്കുറിച്ചും രക്ഷപ്പെട്ടതിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു. മുന്നിൽ പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ജോമോൻ കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ചയും ഇത് ആവർത്തിച്ചു.

നേരത്തെ ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ ഫോണിന്‍റെ ലൊക്കേഷൻ കണ്ടെത്തിയാണ് ജോമോനെ അറസ്റ്റ് ചെയ്തത്. 2018ൽ മദ്യപിച്ച് വാഹനമോടിച്ചതിനും ജോമോനെതിരെ കേസെടുത്തിരുന്നു.