കടലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കാനായി കൊച്ചിയിൽ ഡ്രോപ് പദ്ധതി
ചെറായി: സമുദ്രങ്ങളിൽ വലിയ ഭീഷണിയായി മാറുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശുചീകരിക്കാന്‍ ഡ്രോപ് പ്രോജക്റ്റ് ആരംഭിച്ചു. പ്ലാൻ അറ്റ് എർത്ത് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പദ്ധതി നടപ്പാക്കുന്നത്. ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ന്യൂസ്പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് നിർമ്മിച്ച നെറ്റ് ബാഗ് മുനമ്പം ഹാർബറിലെ തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി കൈമാറി.
രണ്ട് ബോട്ടുകളിലായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാൻ അറ്റ് എർത്തിന് കെെമാറി. ഗ്ലോബൽ പബ്ലിക് സ്കൂൾ, രാജഗിരി പബ്ലിക് സ്കൂൾ, ചോയ്സ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ കൈകോർത്തു.
വല വീശുമ്പോൾ തൊഴിലാളികൾക്ക് ലഭിക്കുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കരയിൽ എത്തിക്കുന്നതിനാണ് നെറ്റ്ബാഗുകൾ നൽകിയത്. ഒരു മാസമായി മുനമ്പം ആസ്ഥാനമായി പ്രവർത്തിക്കുന്ന 700 ഓളം ബോട്ടുകളുടെ വലയിൽ 11.5 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു മാസം കുടുങ്ങുന്നതായി ബോട്ട് തൊഴിലാളികൾ ചൂണ്ടിക്കാട്ടി. ഗ്ലോബൽ പബ്ലിക് സ്കൂളിലെ സന്തോഷ്, സാജു, സൂരജ് എബ്രഹാം, മുജീബ് മുഹമ്മദ്, റഷീദ്, അധ്യാപകരായ ചന്ദ്രബാബു, ധനീഷ് പൈ, ജ്യോതിമോൾ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.