1476 കോടി രൂപയുടെ ലഹരിക്കടത്ത്; മുംബൈയിൽ മലയാളി പിടിയിൽ

കൊച്ചി: മഹാരാഷ്ട്രയില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ മലയാളി അറസ്റ്റില്‍. കാലടി സ്വദേശിയും യുമിതോ ഇന്റര്‍നാഷണല്‍ ഫുഡ്‌സിന്റെ മാനേജിങ് ഡയറക്ടറുമായ വിജിന്‍ വര്‍ഗീസിനെയാണ് ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാസിയില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് ഡി.ആര്‍.ഐ പിടിച്ചെടുത്തത്.

പഴങ്ങള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്കില്‍നിന്നാണ് 198 കിലോഗ്രാം മെത്താഫെറ്റമിനും ഒമ്പതുകിലോ കൊക്കെയ്‌നും പിടികൂടിയത്. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പഴക്കച്ചവടത്തിന്റെ മറവില്‍ നടത്തിയിരുന്ന ലഹരിക്കടത്തിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് കേരളത്തിലും പരിശോധന നടത്തുന്നുണ്ട്. വിജിൻ വർഗീസിന്‍റെ ഉടമസ്ഥതയിലുള്ള ഗോഡൗണുകളിലും വ്യാപാര സ്ഥാപനങ്ങളിലും എക്സൈസ് സംഘം പരിശോധന നടത്തും.

വന്‍തോതില്‍ പഴങ്ങൾ സൂക്ഷിച്ചിരുന്ന കാലടിയിലെ ഗോഡൗണിൽ എക്സൈസ് സംഘം വിശദമായ പരിശോധന ആരംഭിച്ചു. ഓറഞ്ച്, ആപ്പിൾ തുടങ്ങിയ പഴങ്ങൾ സംഭരിക്കുന്ന ഓരോ പെട്ടികളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

നേരത്തെ വിജിൻ വർഗീസിന്‍റെ വ്യാപാരസ്ഥാപനത്തില്‍ ഡിആർഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതേതുടർന്ന് വിജിൻ വർഗീസിന്‍റെ സ്ഥാപനത്തിന്‍റെ പേരിൽ കൊച്ചി തുറമുഖത്ത് എത്തിയ കണ്ടെയ്നറും ഡിആർഐ ഉദ്യോഗസ്ഥർ പരിശോധിച്ചു. എന്നാൽ കണ്ടെയ്നറിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുകളൊന്നും കണ്ടെത്താനായില്ല.