മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി ; അസാധാരണ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മദ്യലഹരിയിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ ആൾക്ക് മദ്രാസ് ഹൈക്കോടതി അസാധാരണമായ ശിക്ഷ വിധിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ അവബോധം നൽകുന്ന ലഘുലേഖകൾ തിരക്കേറിയ നഗരമധ്യത്തിൽ രണ്ടാഴ്ചത്തേക്ക് വിതരണം ചെയ്യണമെന്നാണ് കോടതി നിർദ്ദേശിച്ചത്. നിരുത്തരവാദപരമായ പ്രവൃത്തികൾ ആവർത്തിക്കരുതെന്ന ബോധം ഇത് പ്രതികൾക്ക് നൽകുമെന്ന് കോടതി നിരീക്ഷിച്ചു. മദ്യലഹരിയിൽ വാഹനം ഓടിച്ച പ്രതി വരുത്തിയ അപകടത്തിൽ മൂന്ന് കാൽനടയാത്രക്കാർക്ക് പരിക്കേറ്റു.

ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്രയാണ് നിർദേശം നൽകിയത്. യുവാവിന് ജാമ്യം അനുവദിച്ചു. എന്നാൽ, ഹർജിക്കാർ ജാമ്യാപേക്ഷയെ എതിർത്തു. അശ്രദ്ധമായും അലക്ഷ്യമായും കാർ ഓടിച്ച് മൂന്ന് പേർക്ക് അപകടമുണ്ടാക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്ത പ്രതിക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, കുടുംബത്തിന്‍റെ പരിചരണത്തിന്‍റെ ചുമതല യുവാവിനാണെന്നും പരിക്കേറ്റവർ ചികിത്സ പൂർത്തിയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

രണ്ടാഴ്ചത്തേക്ക് എല്ലാ ദിവസവും അഡയാർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും രാവിലെ 9 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 7 വരെയും ലഘുലേഖകൾ വിതരണം ചെയ്യാനും ആവശ്യമെങ്കിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും കോടതി യുവാവിനോട് നിർദ്ദേശിച്ചു.