ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രത്യേക വിസയുമായി ദുബായ്; ആദ്യ വിസ ജോര്‍ദ്ദാന്‍ സ്വദേശിക്ക്

ദുബായ്: ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകർക്കായി ദുബായ് പ്രത്യേക മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ നൽകി തുടങ്ങി. ജോർദാനിൽ നിന്നുള്ള മുഹമ്മദ് ജലാൽ ആണ് ഈ പ്രത്യേക വിസ ലഭിക്കുന്ന ആദ്യ ഫുട്ബോൾ ആരാധകൻ. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേയ്ർസാണ് വിസ നൽകുന്നത്. ഈ പ്രത്യേക വിസയുടെ കാലാവധി 90 ദിവസമാണ്.

ഖത്തർ ഫുട്ബോൾ പ്രേമികൾക്കുള്ള ‘ഹയ്യാ കാർഡ്’ ഉള്ളവർക്ക് 100 ദിർഹത്തിന് ഈ വിസ ലഭിക്കും. ഏകദേശം 1.4 ദശലക്ഷം ആളുകൾ ലോകകപ്പ് കാണാൻ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിലേക്ക് ഷട്ടിൽ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ്. വിസ ലഭിക്കുന്ന ഫുട്ബോൾ ആരാധകർക്ക് ദുബായിൽ താമസിക്കാൻ അനുവാദമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബോൾ ആരാധകർക്കായി പ്രത്യേക ഫാൻ സോണുകളും ഒരുക്കുന്നുണ്ട്. 

സ്പെഷ്യൽ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കുന്ന ഫുട്ബോൾ ആരാധകർക്ക് 90 ദിവസത്തെ കാലയളവിൽ എത്ര തവണ വേണമെങ്കിലും യുഎഇയിൽ പ്രവേശിക്കാനും രാജ്യം വിടാനും കഴിയും. ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നവംബർ 20ന് അൽ ബയത് സ്റ്റേഡിയത്തിലാണ് കിക്കോഫ് നടക്കുക. ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. ഡിസംബർ 18നാണ് കിരീടപ്പോരാട്ടം.