ദുൽഖർ സൽമാന് നിക്ഷേപമുള്ള എഫ് 77 ഇലക്ട്രിക് ബൈക്ക് വിപണിയിൽ

ദുൽഖർ സൽമാന് നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനിയായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്‍റെ ആദ്യ ബൈക്ക് എഫ് 77 വിപണിയിൽ അവതരിപ്പിച്ചു. ഒറിജിനൽ, റെക്കോൺ വേരിയന്‍റുകളിൽ ലഭ്യമായ ഈ ബൈക്കിനു യഥാക്രമം 3.80 ലക്ഷം രൂപയും 4.55 ലക്ഷം രൂപയുമാണ് വില. ഇതിനുപുറമെ, എഫ് 77 ന്‍റെ ഒരു പ്രത്യേക പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 77 എണ്ണം മാത്രം നിർമ്മിക്കുന്ന സ്പെഷ്യൽ എഡിഷന് 5.5 ലക്ഷം രൂപയാണ് വില. ബൈക്കിന്‍റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ജനുവരി ആദ്യം തന്നെ ബൈക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 

എയർ സ്ട്രൈക്ക്, ഷാഡോ, ലേസർ തുടങ്ങിയ നിറങ്ങളിൽ വാഹനം ലഭ്യമാകും. ലേസർ എൽഇഡി ലാമ്പ്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ എന്നിവ ബൈക്കിലുണ്ട്. ഒർജിനലിൽ 7.1 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 207 കിലോമീറ്ററാണ് ദൂരപരിധി. 27 കിലോവാട്ട് പവറും 85 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതിന് കരുത്തേകുന്നത്. 

39 ബിഎച്ച്പി പവറും 95 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഉയർന്ന മോഡലായ റെക്കോണിൽ കരുത്തേകുന്നത്. ബാറ്ററി 10.3 കിലോവാട്ട് ആണ്. ഒറ്റ ചാർജിൽ 307 കിലോമീറ്ററാണ് ദൂരപരിധി. ഒറിജിനൽ പതിപ്പിന്‍റെ ബാറ്ററി പാക്കിന് 3 വർഷവും 30000 കിലോമീറ്ററും വാറന്‍റി ലഭിക്കുമ്പോൾ, റെക്കോണിന്‍റെ ബാറ്ററി പാക്കിന് 5 വർഷവും 50000 കിലോമീറ്ററും വാറന്‍റിയുണ്ട്. ലിമിറ്റഡ് എഡിഷൻ മോഡലിന്‍റെ വാറന്‍റി 8 വർഷവും 1 ലക്ഷം കിലോമീറ്ററുമാണ്.