ഹിജാബ് ധരിക്കുന്നത് മതപരമെങ്കില്‍ കോടതിക്കും തടയാനാകില്ലെന്ന് ദുഷ്യന്ത് ദവെ

ന്യൂഡല്‍ഹി: ഹിജാബ് ധരിക്കുന്നത് തന്‍റെ മതത്തിന് നല്ലതാണെന്ന് ഒരു മുസ്ലീം സ്ത്രീ കരുതുന്നുവെങ്കിൽ, കോടതികൾക്കോ അധികാരസ്ഥാപനങ്ങള്‍ക്കോ അതിനെ എതിർക്കാൻ കഴിയില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ സുപ്രീംകോടതിയില്‍ പറഞ്ഞു. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ തുടര്‍ച്ചായ ഏഴാം ദിവസമാണ് വാദം നടക്കുന്നത്.

ലൗ ജിഹാദ് ആയിരുന്നു ആദ്യ ആരോപണം. ഇപ്പൊൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് തടയുകയാണ്. ന്യൂനപക്ഷ സമുദായത്തെ അരികുവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് കൊണ്ട് ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പറയാൻ കഴിയില്ല. മതപരമായ അവകാശം വ്യക്തിപരമാണ്. ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. ഹിജാബ് അസ്തിത്വത്തിന്‍റെ ഭാഗമാണ്. മഹത്തായ പാരമ്പര്യത്തിൽ കെട്ടിപ്പടുത്ത രാജ്യമാണ് ഇന്ത്യ. 5,000 വർഷത്തിലേറെയായി രാജ്യം നിരവധി മതങ്ങളെ സ്വാംശീകരിച്ചിട്ടുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിലാണ് രാജ്യം നിലകൊള്ളുന്നത്. സിഖ് വിഭാഗത്തിന് തലപ്പാവെന്നപോലെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് പ്രാധാനപ്പെട്ടതാണ്. ഇത് വിശ്വാസത്തിന്‍റെ ഭാഗമാണെന്നും അതിൽ തെറ്റില്ലെന്നും ദവെ വാദിച്ചു.