രാഹുലിനൊപ്പമുള്ള ഇ ഡി ഓഫിസ് മാർച്ചിന് അനുമതി നിഷേധിച്ച് പൊലീസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിലേക്ക് കോൺഗ്രസ് നേതാക്കൾ നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്. നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാഹുൽ ഇന്നാണ് ഇഡി ഓഫീസിൽ ഹാജരാകേണ്ടത്.

ചോദ്യം ചെയ്യലിനായി പാർട്ടി ആസ്ഥാനത്ത് നിന്ന് ഇ.ഡി ഓഫീസിലേക്ക് നടന്നു പോകാനാണ് രാഹുലിന്റെ തീരുമാനം. എം.പിമാരും പാർട്ടി നേതാക്കളും രാഹുലിനെ അനുഗമിക്കുമെന്നായിരുന്നു പ്രഖ്യാപനം. എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് ഇ.ഡി ഓഫീസിലേക്ക് റാലി നടത്താനാണ് തീരുമാനം. അതുകൊണ്ടാണ് അനുമതി നിഷേധിച്ചത്. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്ന ദിവസം ഡൽഹിയിലെത്താൻ കോൺഗ്രസ് ദേശീയ നേതൃത്വം പാർട്ടി എംപിമാർക്ക് നിർദേശം നൽകിയിരുന്നു.