ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ തള്ളിയ വി മുരളീധരനെ വിമർശിച്ച് ഇ പി ജയരാജന്‍

കണ്ണൂര്‍: ഓണവുമായുള്ള മഹാബലിയുടെ ബന്ധത്തെ തള്ളിയ കേന്ദ്രമന്ത്രി വി മുരളീധരനെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജൻ. മഹാബലി കേരളത്തിൽ അല്ല ജനിച്ചത് എന്ന പരാമർശം നടത്തിയ കേന്ദ്ര മന്ത്രി വിവരമില്ലാത്ത ആളാണെന്നും ഇക്കാര്യം ആധികാരികമായി പറയാൻ മഹാബലിയ്ക്കൊപ്പം ജനിച്ച ആളാണോ വി.മുരളീധരൻ എന്നും അദ്ദേഹം ചോദിച്ചു.

  ഓണാഘോഷത്തിന്‍റെ ഐതിഹ്യവും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി തള്ളിയിരുന്നു. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസ്സിലാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. നർമ്മദ നദിയുടെ തീരത്ത് ഭരിച്ച രാജാവായിരുന്നു മഹാബലി. മലയാളികൾ അദ്ദേഹത്തെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവുകളില്ലെന്നും മുരളീധരൻ പറഞ്ഞു. 

മഹാബലിക്ക് വാമനൻ മോക്ഷം നൽകിയെന്നാണ് ഐതിഹ്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ബിജെപി അനുകൂല സംഘടനയുടെ ഓണാഘോഷത്തിനിടെയായിരുന്നു മുരളീധരന്‍റെ പരാമർശം. കഴിഞ്ഞ ദിവസം ഓണത്തോടനുബന്ധിച്ച് ജനങ്ങൾക്ക് വാമന ജയന്തി ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. മൂന്നടി മണ്ണ് ആവശ്യപ്പെട്ട വാമനൻ കേരളം ഭരിച്ചിരുന്ന രാക്ഷസരാജാവായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നാണ് ഐതിഹ്യം. എല്ലാ വർഷവും തിരുവോണനാളിൽ തന്‍റെ പ്രജകളെ കാണാൻ അനുവദിക്കണമെന്നതായിരുന്നു വാമനനോടുള്ള മഹാബലിയുടെ അവസാന ആഗ്രഹം. മഹാവിഷ്ണുവിന്‍റെ അവതാരമാണ് വാമനൻ.